നിങ്ങൾ വിവാഹിതയായ സ്ത്രീയാണോ; സീമന്തരേഖയിൽ സിന്ദൂരം ഇടുമ്പോൾ ഈ തെറ്റുകൾ വരുത്തരുതേ
ഹൈന്ദവ വിശ്വാസികളായ ഭർതൃമതികളായ സ്ത്രീകൾ വിവാഹശേഷം സീമന്തരേഖയിൽ സിന്ദൂരം അണിയുന്നത് നാം കണ്ടിട്ടുണ്ട്. ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥനയോടെയാണ് ഓരോ സ്ത്രീയും സീമന്തരേഖയിൽ സിന്ദൂരം അണിയുന്നത്. എന്നാൽ സീമന്തരേഖയിൽ സിന്ദൂരമണിയുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ഗുണത്തേക്കാളേറെ ദോഷകരമായി ഭവിക്കും.
സീമന്തരേഖയിൽ സിന്ദൂരമണിയുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. സ്ത്രീയുടെ സിന്ദൂരരേഖ അല്ലെങ്കിൽ നെറുക എന്നു പറയുന്നത് 108 ലക്ഷ്മി വാസസ്ഥാനങ്ങളിൽ ഒന്നാണെന്നാണ് വിശ്വാസം. മഹാലക്ഷ്മി കുടികൊള്ളുന്ന ഇടം കൂടിയാണ് സ്ത്രീയുടെ സിന്ദൂരരേഖ എന്നും വിശ്വാസം ഉണ്ട്. ഐശ്വര്യത്തിന്റെയും സമ്പത്തിനെയും ദേവതയാണ് മഹാലക്ഷ്മി എന്നാണ് ഹൈന്ദവർ വിശ്വസിക്കുന്നത്.
അതുകൊണ്ടുതന്നെ സീമന്തരേഖയിൽ അണിയുന്ന സിന്ദൂരം അലങ്കാരത്തിനായി അണിയേണ്ടതല്ല എന്നർത്ഥം. ആർത്തവ കാലത്ത് സിന്ദൂരം തൊടാൻ പാടില്ലെന്ന് ചിലർ വിശ്വസിക്കുന്നുണ്ടെങ്കിലും പൂജാമുറിയിൽ വെച്ചല്ലാതെ മറ്റൊരു സിന്ദൂരച്ചെപ്പ് മറ്റെവിടെയെങ്കിലും വെച്ച് അതിൽ നിന്ന് ആർത്തവ സമയത്ത് സിന്ദൂരം അണിയാവുന്നതാണ്. പ്രാർത്ഥനാപൂർവ്വം മോതിരവിരലും പെരുവിരലും കൂട്ടിപ്പിടിച്ച് ആ പിടിയിൽ എടുക്കാവുന്നത്ര കുങ്കുമം എടുത്ത് മിതമായ രീതിയിൽ തൊടുകയാണ് ചെയ്യേണ്ടത്.